കാവലാളാകേണ്ടവര്‍ കെണിയാളുകളോ..?
മലപ്പുറം: സ്കൂളുകളും കോളജുകളും ലഹരിമുക്തമാക്കാന്‍ എക്സൈസും പൊലിസും പ്രചാരണങ്ങളും പരിശോധനകളും ശക്തമാക്കുന്നതിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകന് തന്നെ രാസലഹരിയുമായി പിടിയിലായതോടെ ആശങ്കയിലായി രക്ഷിതാക്കള്‍. പൊതുസമൂഹത്തില്‍ വന്‍ ഞെട്ടലും പ്രതിഷേധവും ഉണ്ടാക്കിയ സംഭവം, കുട്ടികളെ വിശ്വസിച്ച് പഠിക്കാന്‍ അയയ്ക്കുന്ന രക്ഷിതാക്കളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്.
വിദ്യാര്‍ഥികളെ ഉന്നത മൂല്യങ്ങളിലേക്ക് നയിക്കേണ്ട അധ്യാപകരില്‍നിന്ന് തന്നെ ഇത്തരമൊരു വീഴ്ചയുണ്ടാകുന്നത് കാമ്പസുകളുടെ സുരക്ഷിതത്വത്തെയും രക്ഷാകര്‍ത്താക്കളുടെ വിശ്വാസ്യതയെയും ഗുരുതരമായി ബാധിക്കുന്നതാണെന്ന് ഈ മേഖലയിലുള്ളവര്‍ തന്നെ പറയുന്നു.
കൊണ്ടോട്ടിയിലെ പ്രമുഖ കോളജിലെ താത്കാലിക അധ്യാപകനാണ് കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായത്. ഇദ്ദേഹം കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ കോളജില്‍ അധ്യാപകനാണ്. കോളജിലെ വിദ്യാര്‍ഥികളെ തന്നെ ഈ അധ്യാപകന് രാസലഹരിക്ക് അടിമകളാക്കിയിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ പൊലിസ് പരിശോധിച്ച് വരികയാണ്. എന്നാല്‍ കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല.
വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്ന വലിയൊരു ശൃംഖലയുടെ ഭാഗമായി അധ്യാപകരുടെ പങ്കാളിത്തം ഉണ്ടാകുന്നത് ഗൗരവമേറിയ പ്രശ്നമാണ്.
യുവാക്കളെയും വിദ്യാര്‍ഥികളെയും വേഗത്തില്‍ കീഴ്പ്പെടുത്തുന്ന എംഡിഎംഎ പോലെയുള്ള വീര്യമേറിയ രാസലഹരികള്‍ വിതരണം ചെയ്യുന്ന സംഘങ്ങളില്‍ അധ്യാപകര്‍ ഉള്‍പ്പെടുന്നത് കാമ്പസുകളിലേക്ക് ലഹരി എത്താന്‍ എളുപ്പത്തില്‍ വഴിയൊരുക്കും.
ക്ലാസ് മുറികളില്‍ ലഹരിവിരുദ്ധ ബോധവത്കരണം നടത്തുമ്പോള്‍ തന്നെ മറുവശത്ത് ലഹരി വിപണനത്തിന്റെ ഇരകളോ കാരിയര്‍മാരോ ആയി വിദ്യാര്‍ഥികളെ മാറ്റാന്‍ ഇത്തരം അധ്യാപകര്‍ ഇടയാക്കുന്നു എന്നത് അതീവ ഗൗരവതരമാണ്. കാമ്പസുകളിലെ ലഹരി ഉപയോഗവും വില്പനയും തടയാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പൊലിസിന്റെയും എക്സൈസിന്റെയും നിരീക്ഷണം കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
അതോടൊപ്പം, ലഹരിക്കേസുകളില്‍ ഉള്‍പ്പെടുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ വിട്ടുവീഴ്ചയില്ലാത്ത സര്‍വീസ്-നിയമ നടപടികള്‍ സ്വീകരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ പശ്ചാത്തലം പരിശോധിക്കുകയും ചെയ്യണമെന്നും ആവശ്യമുയര്‍ന്നിരിക്കുകയാണ്.